✝️ കുരിശടയാളം
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ.
നിത്യജീവിതത്തിലെ പ്രധാന പ്രാർത്ഥനകൾ
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുവിഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക് തരണമേ. ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. ആമേൻ.
നന്മനിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ.
ന: കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു.
പ്ര: പരിശുദ്ധാത്മാവിനാൽ അവൾ ഗർഭം ധരിച്ചു. (1 നന്മനിറഞ്ഞ മറിയമേ...)
ന: ഇതാ കർത്താവിന്റെ ദാസി.
പ്ര: അങ്ങയുടെ വചനം പോലെ എന്നിലാകട്ടെ. (1 നന്മനിറഞ്ഞ മറിയമേ...)
ന: വചനം മാംസമായി തീർന്നു.
പ്ര: നമ്മുടെ ഇടയിൽ വസിച്ചു. (1 നന്മനിറഞ്ഞ മറിയമേ...)
ന: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.
പ്ര: സർവ്വേശ്വരന്റെ പരിശുദ്ധ അമ്മേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം: ദൈവമേ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരവാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാസഹനത്താലും കുരിശിനാലും ഉത്ഥാനത്തിന്റെ മഹിമ പ്രാപിക്കുവാൻ അനുഗ്രഹം നൽകണമേ എന്ന് ഞങ്ങളുടെ കർത്താവായ മിശിഹാവഴി അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ.
സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ ഭരണകാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ടു; പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തനായ പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമേൻ.