വിശുദ്ധ കുർബാന വായനകൾ

ദിവസേനയുള്ള ആരാധനാക്രമ വായനകൾ തിരഞ്ഞെടുക്കുക.

ഏലിയാ-സ്ലീവാ-മൂശക്കാലം

മൂശെ ഒന്നാം വെള്ളി

കര്‍ത്താവിന്‍റെ ദിനം കാത്തിരിക്കുവിന്‍.

1 തെസ 5:1-11

1 തെസ 5:1-11 കര്‍ത്താവിന്‍റെ ദിനം കാത്തിരിക്കുവിന്‍.
1 സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല.2 കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്‍റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം.3 സമാധാനവും ഭദ്രതയും എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗര്‍ഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെമേല്‍ നിപതിക്കും; അതില്‍നിന്ന് അവര്‍ രക്ഷപെടുകയില്ല.4 എന്നാല്‍, സഹോദരരേ, ആദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധ കാരത്തിലല്ല കഴിയുന്നത്.5 നിങ്ങളെല്ലാവരും പ്രകാശത്തിന്‍റെയും പകലിന്‍റെയും പുത്രന്‍മാരാണ്. നമ്മില്‍ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്‍റെ യോ മക്കളല്ല.6 അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം.7 ഉറങ്ങുന്നവര്‍ രാത്രിയിലാണ് ഉറങ്ങുന്നത്. മദ്യപിച്ച് ഉന്‍മത്തരാകുന്നവര്‍ രാത്രിയിലാണ് ഉന്‍മത്തരാകുന്നത്.8 പകലിന്‍റെ മക്കളായ നമുക്കു വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.9 എന്തെന്നാല്‍, നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം നിശ്ചയിച്ചിട്ടുള്ളത്.10 ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന്‍ നമുക്കുവേണ്ടി മരിച്ചത്.11 അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെതമ്മില്‍ത്തമ്മില്‍ ആ ശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടിയത്നിക്കുകയും ചെയ്യുവിന്‍.

നിങ്ങള്‍ ഒരുങ്ങിയിരിക്കുവിന്‍.

മത്താ 24:43-51

മത്താ 24:43-51 നിങ്ങള്‍ ഒരുങ്ങിയിരിക്കുവിന്‍.
43 കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്‍റെ ഭവനം കവര്‍ച്ച ചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു.44 അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.45 തന്‍റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍യജമാനന്‍ നിയോഗിച്ചവിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്?46 യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍.47 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്‍റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കും.48 എന്നാല്‍, ദുഷ്ടനായ ഭൃത്യന്‍ എന്‍റെ യജമാനന്‍ താമസിച്ചേവരൂ എന്നു പറഞ്ഞ്49 തന്‍റെ സഹഭൃത്യന്‍മാരെ മര്‍ദിക്കാനും മദ്യപന്‍മാരോടുകൂടെ ഭക്ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍50 പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലുംയജമാനന്‍ വന്ന്, അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും.51 അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

ദൈവം അബ്രാമിനെ വിളിക്കുന്നു.

ഉത്പ 12:1-4

വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ പു.
ഉത്പ 12:1-4 ദൈവം അബ്രാമിനെ വിളിക്കുന്നു.
1 കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.2 ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്‍റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും.3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.4 കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്‍റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു.

നിന്‍റെ മക്കളുടെമേല്‍ ഞാന്‍ അനുഗ്രഹം വര്‍ഷിക്കും.

ഏശ 44:1-4

വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ പു.
ഏശ 44:1-4 നിന്‍റെ മക്കളുടെമേല്‍ ഞാന്‍ അനുഗ്രഹം വര്‍ഷിക്കും.
1 എന്‍റെ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, കേള്‍ക്കുക.2 നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്കു രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ജഷ്റൂനേ, നീ ഭയപ്പെടേണ്ടാ.3 വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്‍റെ സന്തതികളുടെ മേല്‍ എന്‍റെ ആത്മാവും നിന്‍റെ മക്കളുടെമേല്‍ എന്‍റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും.4 ജലത്തില്‍ സസ്യങ്ങളും നദീതീരത്ത് അലരികളും പോലെ അവര്‍ തഴച്ചു വളരും.

ദൈവഹിതമനുസരിച്ചു ജീവിക്കുക.

1 പത്രോ 4:12-19

വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ പു.
1 പത്രോ 4:12-19 ദൈവഹിതമനുസരിച്ചു ജീവിക്കുക.
12 പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.13 ക്രിസ്തുവിന്‍റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്‍റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.14 ക്രിസ്തുവിന്‍റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, മഹത്വത്തിന്‍റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.15 നിങ്ങളിലാരും തന്നെകൊലപാതകിയോ മോഷ്ടാവോ ദുഷ്കര്‍മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാന്‍ ഇടയാകരുത്.16 ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.17 എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്‍റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും!18 നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്‍റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!19 ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്‍മചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ ആത്മാക്കളെ ഭരമേല്‍പിക്കട്ടെ

ഞാന്‍ നല്ല ഇടയനാണ്.

യോഹ 10:1-15

വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ പു.
യോഹ 10:1-15 ഞാന്‍ നല്ല ഇടയനാണ്.
1 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്.2 എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്.3 കാവല്‍ക്കാരന്‍ അവനു വാതില്‍ തുറന്നുകൊടുക്കുന്നു. ആടുകള്‍ അവന്‍റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്‍റെ ആടുകളെ പേരു ചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു.4 തനിക്കുള്ളതിനെയെല്ലാം പുറത്തിറക്കിയിട്ട് അവന്‍ അവയ്ക്കുമുമ്പേ നടക്കുന്നു. അവന്‍റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകള്‍ അവനെ അനുഗമിക്കുന്നു.5 അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല്‍ അവ അവരില്‍നിന്ന് ഓടിയകലും6 യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാല്‍, അവന്‍ തങ്ങളോടു പറഞ്ഞത് എന്തെന്ന് അവര്‍ മനസ്സിലാക്കിയില്ല.
നല്ല ഇടയന്‍
7 അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍.8 എനിക്കുമുമ്പേ വന്നവരെല്ലാം കള്ളന്‍മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല.9 ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും.10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.11 ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.12 ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.13 അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്.14 ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.15 ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു.