ഹോമിലേക്ക് മടങ്ങുക (Home)
Holy Mary

പരിശുദ്ധ ജപമാല

The Holy Rosary in Malayalam

തുടക്ക പ്രാർത്ഥനകൾ (Introductory Prayers)

കുരിശടയാളം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍. ആമ്മേന്‍.

ത്രിസന്ധ്യാ ജപങ്ങൾ (The Angelus)

കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു .പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു (1 നന്മ നിറഞ്ഞ...)

ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ എന്നിലാകട്ടെ. (1 നന്മ നിറഞ്ഞ...)

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു .(1 നന്മ നിറഞ്ഞ...)

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ; സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം: സര്‍വ്വേശ്വര മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേനെ ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു (3 ത്രിത്വസ്തുതി)

പരിശുദ്ധ ദൈവമാതാവിന്റെ ജപമാല

അളവില്ലാത്ത സകല നന്മ സ്വരൂപനായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ, നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങൾ നിസ്സീ മപ്രതാപവാനായ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിൻ്റെ സ്‌തുതിക്കായി ജപമാലയർപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു ജനിച്ചു. പന്തിയോസ് പീലാത്തോസിന്റെ ഭരണത്തിൻകീഴിൽ പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു. പാതാളത്തിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്തു; സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (1 തവണ)

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമേ. ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ, തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. ആമ്മേൻ.

നന്മ നിറഞ്ഞ മറിയമേ (3 തവണ)

നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേൻ.

ത്രിത്വസ്തുതി (1 തവണ)

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.

രഹസ്യങ്ങൾ (The Mysteries)

സന്തോഷകരമായ രഹസ്യങ്ങൾ

ഒന്നാം രഹസ്യം: പരിശുദ്ധ കന്യകാമറിയം ഗർഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന് ഗബ്രിയേൽ മാലാഖ അറിയിച്ചു എന്ന് ധ്യാനിക്കുക.
(1 സ്വർഗ്ഗ., 10 നന്മ., 1 ത്രിത്വ., ഓ എന്റെ ഈശോയേ...)
രണ്ടാം രഹസ്യം: പരിശുദ്ധ കന്യകാമറിയം എലീശ്വാപുണ്യവതിയെ സന്ദർശിച്ച് മൂന്നുമാസം അവളോടുകൂടെ താമസിച്ചു എന്ന് ധ്യാനിക്കുക.
മൂന്നാം രഹസ്യം: പരിശുദ്ധ കന്യകാമറിയം ഈശോമിശിഹായെ ബെത്‌ലഹേമിലെ പുൽക്കൂടിൽ പ്രസവിച്ചു എന്ന് ധ്യാനിക്കുക.
നാലാം രഹസ്യം: പരിശുദ്ധ കന്യകാമറിയം ശിശുവായ ഈശോയെ ദേവാലയത്തിൽ കാഴ്ചവച്ചു എന്ന് ധ്യാനിക്കുക.
അഞ്ചാം രഹസ്യം: കാണാതായ ഈശോയെ മൂന്നാം നാൾ ദേവാലയത്തിൽവച്ചു കണ്ടെത്തി എന്ന് ധ്യാനിക്കുക.
ഓ എന്റെ ഈശോയേ: ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. നരകാഗ്നിയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും, പ്രത്യേകിച്ച് അങ്ങയുടെ കാരുണ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരെ സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ.

സമാപന പ്രാർത്ഥനകൾ

ജപമാല സമർപ്പണം (Hail Holy Queen)

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ദൈവദൂതന്മാരായ വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റപ്പായേലേ, മഹാത്മാവായ വിശുദ്ധ യൗസേപ്പേ, ശ്ലീഹന്മാരായ വിശുദ്ധ പത്രോസേ, മാർ പൗലോസേ, മാർ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാർ തോമ്മാ, ഞങ്ങൾ വലിയ പാപികളായിരിക്കുന്നു എങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോടു കൂടെ ഒന്നായി ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ കാഴ്ചവെയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ദൈവമാതാവിന്റെ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമേ,
മിശിഹായേ അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ.
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ,
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
പരിശുദ്ധാത്മാവായ ദൈവമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

പരിശുദ്ധ മറിയമേ, (ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്റെ പരിശുദ്ധ ജനനി,
കന്യകകൾക്കു മകുടമായ നിർമ്മല കന്യകയേ,
മിശിഹായുടെ മാതാവേ,
ദൈവ വര പ്രസാദത്തിന്റെ മാതാവേ,
ഏറ്റം നിർമ്മലയായ മാതാവേ,
അത്യന്ത വിരക്തയായ മാതാവേ,
കളങ്കമറ്റ കന്യകയായ മാതാവേ,
കന്യാത്വത്തിന് ഭംഗം വരാത്ത മാതാവേ,
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ,
അത്ഭുതത്തിന് വിഷയമായ മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷകന്റെ മാതാവേ,
ഏറ്റം വിവേകമതിയായ കന്യകേ,
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ,
സ്തുതിക്കു യോഗ്യയായ കന്യകേ,
മഹാ വല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,
ഏറ്റം വിശ്വസ്തയായ കന്യകേ,
നീതിയുടെ ദർപ്പണമേ,
ദിവ്യ ജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാ പുഷ്പമേ,
ദാവീദിന്റെ കോട്ടയേ,
സ്വർണ്ണാലയമേ,
വാഗ്ദാനത്തിന്റെ പേടകമേ,
സ്വർഗ്ഗത്തിന്റെ വാതിലേ,
ഉഷഃകാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
പൂർവ്വപിതാക്കന്മാരുടെ രാജ്ഞി,
ദീർഘദർശികളുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദകന്മാരുടെ രാജ്ഞി,
കന്യകകളുടെ രാജ്ഞി,
സകല വിശുദ്ധരുടേയും രാജ്ഞി,
അമലോൽഭവയായ രാജ്ഞി,
സ്വർഗ്ഗാരോപിതയായ രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി.

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
കർത്താവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ലോകത്തിൻ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.

"സർവ്വേശ്വരന്റെ പുണ്യപൂർണമായ മാതാവേ, ഇതാ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ."

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

കർത്താവേ, പൂർണ്ണമനസ്സോടുംകൂടി സാഷ്ടാംഗം വീണു കിടക്കുന്ന ഈ കുടുംബത്തെ (കൂട്ടത്തെ) തൃക്കൺപാർത്ത് നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല ശതൃക്കളുടെയും ഉപദ്രവങ്ങളിൽ നിന്നും രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് തരേണമേ. ആമേൻ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വശക്തനും നിത്യമായ സർവ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താൽ അങ്ങേ ദിവ്യ പുത്രനു യോഗ്യമായ പീഠമായിരിപ്പാൻ ആദിയിൽ തന്നെ അങ്ങ് നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ച് സന്തോഷിക്കുന്ന ഞങ്ങൾ അവളുടെ ശക്തിയുള്ള അപേക്ഷകളാൽ ഈ ലോകത്തുള്ള സകല ആപത്തുകളിലും നിത്യ മരണത്തിലും നിന്നു രക്ഷപ്പെടുവാൻ കൃപചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് തരേണമേ. ആമേൻ.