വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേന
Novena to St. Alphonsa
ആമുഖ പ്രാർത്ഥന
പ്രാരംഭഗാനം (നിത്യസഹായമാതേ.. എന്ന രീതി)
കേരളത്തിൽ കൊച്ചുറാണീ
അൽഫോൻസാ ത്യാഗശീലേ
സോദരർ ഞങ്ങൾ നിന്റെ
മാദ്ധ്യസ്ഥം തേടീടുന്നു
കാർമ്മി: എളിയവരെ ഉയർത്തുകയും പാപികളിൽ കരുണ വർഷിക്കുകയും ചെയ്യുന്ന സ്നേഹ സ്വരൂപനായ ദൈവമേ, വിശുദ്ധ അൽഫോൻസാമ്മയെ ഞങ്ങൾക്ക് മാതൃകയും മദ്ധ്യസ്ഥയുമായി നല്കിയതിനെയോർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. കുരിശിലെ അങ്ങയുടെ ബലിയിൽ നിന്ന് സഹനത്തിന്റെ അർത്ഥം ഗ്രഹിച്ച് അവൾ ഞങ്ങൾക്ക് മദ്ധ്യസ്ഥയായിത്തീർന്നല്ലോ. അവളെപ്പോലെ സഹനത്തെ സന്തോഷപൂർവ്വം സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ
കാർമ്മി: ക്രൂശിതനും നിന്ദിതനും പരിത്യക്തനുമായ ഈശോയെ അടുത്തനുകരിച്ച അൽഫോൻസാമ്മേ,
സമൂ: ജീവിതത്തിൽ എല്ലാ സാഹചര്യങ്ങളിലും ദൈവതിരുമനസ്സ് നിറവേറ്റി ജീവിക്കുവാൻ ഞങ്ങളെ ശക്തിപ്പെടുത്തണമേ.
നൊവേന പ്രാർത്ഥന
സങ്കീർത്തനം (91)
കാർമ്മി: എന്നോടു പ്രാർത്ഥിച്ചതുകൊണ്ട് ഞാനവനെ രക്ഷിക്കും. എന്റെ നാമം അറിഞ്ഞതുകൊണ്ട്/ ഞാനവനെ ശക്തിപ്പെടുത്തും.
സമൂ: എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാനവനുത്തരമരുളും
കാർമ്മി: അവന്റെ സങ്കടകാലങ്ങളിൽ/ ഞാനവന്റെ കൂടെയുണ്ടായിരിക്കും
സമൂ: ശക്തിയും ബഹുമാനവും അവനു ഞാൻ നല്കും
കാർമ്മി: ദീർഘായുസ്സ് നല്കിക്കൊണ്ട്/അവനെ ഞാൻ തൃപ്തനാക്കും.
സമൂ: രക്ഷിക്കുവാനുള്ള എന്റെ കഴിവ്/ അവനെ കാണിക്കുകയും ചെയ്യും
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. അൽഫോൻസാമ്മേ, ഈശായോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.
സമൂ: വി. അൽഫോൻസാമ്മേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: വി. അൽഫോൻസാമ്മേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവിനും, എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: വി. അൽഫോൻസാമ്മേ ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും വളർന്നുവരുവാനും,
സമൂ: വി. അൽഫോൻസാമ്മേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥം വഴി സമർപ്പിക്കാം. (നിശ്ശബ്ദം)
കാർമ്മി: കർത്താവേ അങ്ങ് പരിശുദ്ധനാകുന്നു. പരിശുദ്ധിയിലേക്ക് അങ്ങ് ഞങ്ങളെ വിളിക്കുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും,
സമൂ: ആമ്മേൻ.
ഗാനം
സഹനത്തിൻ പുണ്യപുത്രീ
യേശുവിൻ സ്നേഹസൂനമേ
അൽഫോൻസാ ധന്യേ നിന്നിൽ ആശ്രയം
തേടിയെത്തും ദാസരെ കാത്തിടേണേ
സുരലോക ശാന്തി നല്കി ഞങ്ങളെ
സ്വർഗ്ഗീയ നന്മയാൽ നിറച്ചു നീ
രോഗവും വൈരവും പോക്കി നീ
ശുദ്ധരാക്കി സ്വർഗ്ഗദൂതരാക്കി നീ
കാർമ്മി: ഈശോ നാഥാ (സമൂഹവും ചേർന്ന്)/ അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ/ ഞങ്ങളെ മറയ്ക്കണമേ./ സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള/ ആശയിൽ നിന്നും ഞങ്ങളെ വിമുക്തരാക്കണമേ./ കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള/ ആശയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ./ ഒരു പരമാണുവും/ അങ്ങേ ദിവ്യഹൃദയത്തിലെ/ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ/ ഞങ്ങളെ എളിമപ്പെടുത്തണമേ./ സൃഷ്ടികളെയും ഞങ്ങളെത്തന്നെയും/ മറന്നുകളയുന്നതിനുള്ള അനുഗ്രഹം തരണമേ./ മാധുര്യവാനായ ഈശോയെ ലൗകികാശ്വാസങ്ങളെല്ലാം ഞങ്ങൾക്ക് കയ്പായി പകർത്തണമേ/ നീതിസൂര്യനായ ഇശോയെ/ അങ്ങയുടെ ദിവ്യകതിരിനാൽ ഞങ്ങളുടെ ബോധത്തെ തെളിയിച്ച് /ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തെ ശുദ്ധീകരിച്ച്/ അങ്ങയുടെ നേരെയുള്ള സ്നേഹത്താലെരിയിച്ച്/ ഞങ്ങളെ നിന്നോടൊന്നിപ്പിക്കണമേ, ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സമൂ: വി. അൽഫോൻസാമ്മേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപന പ്രാർത്ഥന
കാർമ്മി: അനന്തമായ സ്നേഹത്താൽ മനുഷ്യനെ സൃഷ്ടിക്കുകയും നിരന്തരം പരിപാലിക്കുകയും ചെയ്യുന്ന സ്നേഹപിതാവായ ദൈവമേ അങ്ങ് വാഴ്ത്തപ്പെട്ടവനാകട്ടെ. ഭാരതമക്കളുടെയിടയിൽ നിന്ന് വിശുദ്ധ അൽഫോൻസാമ്മയെ തിരഞ്ഞെടുത്ത ദൈവമേ, അവളുടെ മാദ്ധ്യസ്ഥം തേടി തൃപ്പാദത്തിങ്കൽ അണഞ്ഞിരിക്കുന്ന ഞങ്ങളെ കനിവോടെ സ്വീകരിക്കണമേ. അങ്ങേ തിരുക്കുമാരന്റെ ഉത്തമസാക്ഷികളായി ജീവിക്കുവാൻ വേണ്ട പരിശുദ്ധിയും ആത്മശക്തിയും ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളെയും ക്ലേശങ്ങളെയും ക്ഷമാപൂർവ്വം നേരിടുവാനും പാപത്തിന്റെയും രോഗത്തിന്റെയും എല്ലാ ബന്ധനങ്ങളിൽ നിന്നും വിമുക്തി പ്രാപിക്കുവാനും ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും +. എപ്പോഴും + എന്നേക്കും +
സമൂ: ആമ്മേൻ.
സമാപനഗാനം:
പൂമൃദു ചുണ്ടിൽ പുഞ്ചിരിയും
കുഞ്ഞിളം കയ്യിൽ പൂക്കളുമായി
എരിയും മെഴുതിരിനാളം പോലെ
പിഞ്ചോമനകൾ പ്രാർത്ഥിച്ചു.
ആ കബറിടം പുല്കി പ്രാർത്ഥിച്ചു
ഭാരതമണ്ണിൽ നിന്നും
വിണ്ണിലുയർന്നൊരു ധന്യേ
പിതൃസിധിയിലിവർക്കായെന്നും
യാചന അരുളുക അമ്മേ
അൽഫോൻസാമ്മേ പ്രാർത്ഥിക്കണേ
സ്വർഗ്ഗസുമങ്ങൾ പൊഴിക്കണമേ.